കഴിഞ്ഞവർഷം നടപ്പാക്കിയ ജി.എസ്.ടി. പരിഷ്കാരങ്ങളുടെ പ്രയോജനം ഉപഭോക്താക്കൾക്ക് പൂർണമായി ലഭിക്കുന്നില്ലെന്ന പരാതിയിൽ ജി.എസ്.ടി. കൗൺസിൽ പരിശോധന നടത്തും. നികുതി കുറച്ചതിനെ തുടർന്ന് ആദ്യം മിക്ക സാധനങ്ങളുടെയും വില കുറഞ്ഞിരുന്നെങ്കിലും പിന്നീട് വില വീണ്ടും ഉയർന്നതായാണ് പരാതി. ചില മരുന്നുകൾക്കും വീട്ടുപകരണങ്ങൾക്കും കമ്പനികൾ വില പഴയ നിലയിലേക്ക് ഉയർത്തിയതായും ആക്ഷേപമുണ്ട്. വിലവർധനയ്ക്ക് പിന്നിലെ കാരണങ്ങൾ അടുത്തമാസം ചേരുന്ന ജി.എസ്.ടി. കൗൺസിൽ യോഗം വിശദമായി പരിശോധിക്കും. നികുതിയിളവിന്റെ ആനുകൂല്യം പൂർണമായും ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികളും യോഗം സ്വീകരിക്കും.

