സിബിൽ സ്‌കോറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പുതിയ സമീപനം സിബിൽ സ്കോർ കുറഞ്ഞവർക്ക് പ്രതീക്ഷയാകുന്നു. ആദ്യമായി ലോണിന് അപേക്ഷിക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ കുറവാണെന്ന കാരണത്താൽ ബാങ്കുകൾക്ക് അവരുടെ അപേക്ഷ നിരസിക്കാനാവില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ലോൺ അപേക്ഷകർക്ക് മിനിമം ക്രെഡിറ്റ് സ്കോർ നിർബന്ധമാണെന്ന് ആർ.ബി.ഐ നിർദ്ദേശിച്ചിട്ടില്ല. എന്നാൽ സിബിൽ സ്കോർ നിർബന്ധമല്ലെങ്കിലും അപേക്ഷകരുടെ പശ്ചാത്തല പരിശോധന ബാങ്കുകൾ നടത്തണമെന്ന് ധനമന്ത്രാലയം നിർദ്ദേശിച്ചു. അപേക്ഷകരുടെ മുൻകാല വായ്പാ ചരിത്രം , തിരിച്ചടവ് ശൈലി, വൈകിയ തിരിച്ചടവ്, തീർപ്പാക്കിയ വായ്പകൾ, പുനഃ സംഘടിപ്പിച്ച വായ്പകൾ, എഴുതിമാറ്റിയ വായ്പകൾ എന്നിവ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. ഒരു വ്യക്തിയുടെ ക്രെഡിറ്റ് റിപ്പോർട്ട് നൽകുന്നതിനായി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് പരമാവധി 100 രൂപ വരെ ഈടാക്കാം. അതിലധികം പിരിവ് അനുവദനീയമല്ല.