ഇന്ത്യന്‍ ഉൽപന്നങ്ങൾക്ക് ട്രംപ് സര്‍ക്കാര്‍ ചുമത്തിയ 25 ശതമാനം തീരുവയും അധിക പിഴയും ഇന്ന് മുതല്‍ പ്രാബല്യത്തിൽ ആയി. അഞ്ചു തവണ നടന്ന ഇന്ത്യ – യു എസ് ചർച്ച എങ്ങുമെത്തിയില്ല. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ തുടർച്ചയായുള്ള ക്രൂഡോയിൽ ഇറക്കുമതിയാണ് ട്രംപിനെ പ്രകോപിപ്പിച്ച മുഖ്യ കാരണം. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നതിലും ട്രംപിന് അതൃപ്തിയുണ്ട്. പുതിയ തീരുവ നിലവിൽ വന്നതിനാൽ ഇന്ത്യൻ കയറ്റുമതി മേഖലയിൽ വൻ സമ്മർദ്ദം ഉണ്ടാകും. മരുന്ന്, വാഹനഭാഗങ്ങൾ, രത്നങ്ങൾ, ഇലക്ട്രിക്കൽ സാധനങ്ങൾ, ഭക്ഷ്യോൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാന കയറ്റുമതി. ഇന്ത്യയുടെ കയറ്റുമതിയുടെ 18 ശതമാനവും ഇതുവരെ യു.എസ്സിലേക്കായിരുന്നു. കാർഷികോല്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, ടെക്സ്റ്റൈൽ , ആഭരണങ്ങൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലാണ് ഈ നടപടി കാര്യമായ പ്രഹരമേല്പിക്കുക.
