തൃശ്ശൂർ ജില്ലയിലെ എൻട്രി ഹോം ഫോർ ഗേൾസ്, പ്രത്യാശ ഭവൻ, ഗവ: ചിൽഡ്രൻസ് ഫോർ ബോയ്സ്, മോഡൽ ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിലെ 27 കുട്ടികൾ ഇത്തവണ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി. മാനസിക സംഘർഷങ്ങളും ജീവിത പ്രതിസന്ധികളും മറ്റു വെല്ലുവിളികളും വേട്ടയാടുന്ന അവരുടെ ജീവിതത്തിൽ, അവയെല്ലാം അതിജീവിച്ച് പോരാടി നേടിയ ഈ വിജയം രത്നത്തിളക്കമുള്ളതാണ്. അവരുടെ ആഗ്രഹങ്ങൾ ചോദിച്ചറിഞ്ഞ ബഹുമാനപ്പെട്ട തൃശൂർ ജില്ലാ കളക്ടറോട് അവർ അറിയിച്ചത് സ്കൂൾ ബാഗ് , ട്രാവൽ ബാഗ് , ഡ്രസ്സുകൾ , പുതപ്പ് , സ്മാർട്ട് വാച്ച് എന്നീ കൊച്ചു കൊച്ചു ആഗ്രഹങ്ങളാണ്. ഈ ആവശ്യങ്ങൾ അറിയിച്ചപ്പോൾ തൃശൂർ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ വളരെ സന്തോഷത്തോടെ ഏറ്റെടുക്കുകയും അവയെല്ലാം സ്പോൺസർ ചെയ്യുകയും ചെയ്തു.
ബഹുമാനപ്പെട്ട തൃശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖ സുരേന്ദ്രൻ IAS 22/06/2026 ന് തൃശൂർ കളക്ടറേറ്റിൽ വിളിച്ച് ചേർത്ത യോഗത്തിൽ ഇവ കുട്ടികൾക്ക് വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.വി അബ്ദുൾ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ, ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, ജില്ലാ സെക്രട്ടറി സീജോ ചിറക്കേകാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


