ആലപ്പുഴ: ജിഎസ്‌ടി നേട്ടം കമ്പനികളും, കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാൻ ജാഗ്രത വേണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര, ജിഎസ്ടിയിൽ കൊണ്ടുവന്ന സമൂല മാറ്റം ഇടത്തരക്കാരുടെ വാങ്ങൽ ശേഷി വർധിപ്പിക്കുന്നതും അതുവഴി ചെറുകിട വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതുമാണ്. എന്നാൽ നികുതി ഇളവ് പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറിയാൽ മാത്രമേ ഇതെല്ലാം ലക്ഷ്യം കാണുകയുള്ളു. അതുകൊണ്ടു തന്നെ നികുതിയിളവിന്റെ നേട്ടം വിലക്കുറവിന്റെ രൂപത്തിൽ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശക്തമായ നിരീ ക്ഷണ സംവിധാനം വേണം. വൻകിട കമ്പനികൾ സാധനങ്ങളുടെ വിലവർധിപ്പിച്ചു ഈനേട്ടം തട്ടിയെടുക്കുന്ന മുൻ അനുഭവം ഇത്തവണ ആവർത്തിക്കാതിരിക്കാൻ സർക്കാർ ജാഗ്രത കാണിച്ചില്ലെങ്കിൽ ഈ നീക്കവും പരാജയപ്പെടും.
2018 ൽ 190 സാധനങ്ങളുടെ ജി.എസ്‌ടി നിരക്ക് 28 ശതമാനത്തിൽ നിന്നും 18% ഉം 12% ഉം മായി കുറച്ചിട്ടും വില കുറഞ്ഞത് വിരലിലെണ്ണാവുന്ന സാധനങ്ങൾക്ക് മാത്രം. അതായതു നികുതി കുറച്ചതിന്റെ നേട്ടം കമ്പനികൾ തട്ടിയെടുത്തു. ഇത്തരത്തിലുണ്ടാക്കുന്ന അനധികൃത ലാഭത്തിൻ്റെ ഒരു വിഹിതം വൻ തോതിൽ സാധനങ്ങൾ വാങ്ങുന്ന കുത്തക സ്ഥാപനങ്ങൾക്കു ഉയർന്ന കമ്മീഷൻ നൽകുന്നതിനാണ് ഉപയോഗിക്കുക. ഇത് ഓഫറുകളും ഡിസ്കൗണ്ടുകളും നൽകി ജനങ്ങളെ ആകർഷിക്കുന്നതിനും കുത്തക വ്യാപാര ശൃംഖല വർധിപ്പിക്കുന്നതിനും അതുവഴി ചെറുകിട വ്യാപാരിക്കള തകർക്കുന്നതി നമാണ് ഉപയോഗിക്കപ്പെടുക. അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എഫ്.എം.സി.ജി മേഖല കയ്യാളുന്ന ബഹുരാഷ്ട്ര കുത്തകകൾ നടത്തുന്ന തെറ്റാ യ പ്രവണതകളെ തടയിടുന്നതിനു കേന്ദ്ര ജി.എസ്.ടി വകുപ്പിന് മാത്രമായി സാധിക്കില്ല. ഇതിനായി ജുഡീഷ്യൽ അധികാരങ്ങളുള്ള ഏജൻസി തന്നെ നിലവിൽ വരേണ്ടതുണ്ട്. ഒരു കാര്യം ഉറപ്പാണ്, സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവിലൂടെ ഏതാണ്ട് 175 ഓളം സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയേണ്ടതാണ്. ഇതുണ്ടായാൽ മാത്രമേ ജനങ്ങളിലും സാമ്പത്തിക വ്യവസ്ഥയിലും നേട്ടം പ്രതിഫലിക്കൂ, ഇതിനായി കമ്പനികളുടെ നീക്കം കൃത്യമായി നീരീക്ഷിച്ചേ മതിയാകൂ. രാജു അപ്സര കൂട്ടിച്ചേർത്തു.

