സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വീണ്ടും കുതിപ്പ്. ഒരാഴ്ച്ച മുന്നേ കിലോയ്ക്ക് 390 രൂപയായിരുന്ന വെളിച്ചെണ്ണ ഇപ്പോൾ തൊട്ടാൽ പൊള്ളുന്ന വിലയിലേക്ക് കുതിക്കുന്നു. ഓണക്കാലത്ത് വില വര്‍ധനവ് തടയാന്‍  സര്‍ക്കാര്‍ കാര്യക്ഷമമായി  ഇടപെട്ടതോടെയാണ് കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വിലയ്ക്ക് കുറവുണ്ടായത്.  കിലോയ്ക്ക് 450 രൂപയായിരുന്ന വെളിച്ചെണ്ണ വില ഓണക്കാലത്ത് 390 രൂപയ്ക്ക് ലഭിച്ചു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെളിച്ചെണ്ണ വില ഉയരുകയാണ്. 420 രൂപയാണ് ഒരുകിലോ വെളിച്ചെണ്ണയുടെ ഇന്നത്തെ വിപണി വില. അതോടൊപ്പം കൊപ്ര വില 35 രൂപ വർധിച്ചു. വില ഇനിയും ഉയര്‍ന്നാല്‍ കച്ചവടത്തെ സാരമായി ബാധിക്കുമെന്നതാണ് ആശങ്ക. തമിഴ്നാട്ടിലെ കൊപ്ര സംഭരണത്തിനെതിരെ  നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.